ബംഗളൂരു: പ്രാർഥനാചടങ്ങിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തയാൾക്കെതിരേ പോലീസ് കേസെടുത്തു. സത്യാനിഷ്ഠ ആര്യ എന്നയാൾക്കെതിരേയാണ് ബംഗളൂരു കോറമംഗല പോലീസ് കേസെടുത്തത്.
പ്രാർഥനാചടങ്ങിലേക്ക് അതിക്രമിച്ചെത്തിയ ഇയാളും അനുചരന്മാരും പാസ്റ്ററെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ക്രൈസ്തവവിശ്വാസം സംബന്ധിച്ച ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത സ്ത്രീകളെയും അധിക്ഷേപിച്ചു.
ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് നിരവധിപ്പേരാണ് സത്യാനിഷ്ഠ ആര്യക്കെതിരേ പരാതിയുമായി ബംഗളൂരു സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. ക്രൈസ്തവർക്കെതിരേയും മുസ്ലിംകൾക്കെതിരേയും വിദ്വേഷപ്രസംഗങ്ങൾ നടത്തി അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം സന്പാദിക്കുകയാണ് ഇയാളുടെ പ്രധാന പരിപാടിയെന്ന് പോലീസ് പറഞ്ഞു. സ്വന്തം പേരിൽ ആരംഭിച്ച സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിദ്വേഷപ്രചാരണം.
അതേസമയം, ബംഗ്ലാദേശിൽനിന്നെത്തി മതം മാറിയയാളാണു പ്രതിയെന്ന് സൂചനയുണ്ട്. സാനിയുർ റഹ്മാൻ എന്ന പേരുള്ള ഇയാൾ 2018ൽ മതം മാറി ശ്രീ സത്യാനിഷ്ഠ ആര്യ എന്ന പേരു സ്വീകരിച്ച് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ക്രൈസ്തവർക്കും മുസ്ലിംകൾക്കുമെതിരേ വിദ്വേഷപ്രചാരണം നടത്തിവരികയാണെന്നും ഇയാൾക്കു ചില തീവ്ര ഹിന്ദുസംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.